top of page

സ്മാര്‍ട്ട് ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പാക്കി കെഎസ്ഐഡിസി

Writer: KSIDC AdminKSIDC Admin

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കരുത്തേകി സംസ്ഥാന സര്‍ക്കാരും കെഎസ്ഐഡിസിയും. യുവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങള്‍ സംരംഭങ്ങളാക്കാന്‍ കെഎസ്ഐഡിസി സീഡ് ഫണ്ട്, സ്‌കെയില്‍ അപ്പ് പദ്ധതി എന്നിവ വഴി സാമ്പത്തിക പിന്തുണ നല്‍കിവരുന്നു. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ട്, സ്‌കെയില്‍ അപ്പ് പദ്ധതി എന്നിവ വഴി കെഎസ്ഐഡിസി ഇതുവരെ അനുവദിച്ചത് 33.72 കോടി രൂപയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ പ്രാരംഭഘട്ടത്തിനുള്ള സീഡ് ഫണ്ട് മുഖേന 28.29 കോടി രൂപയും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് സ്‌കെയില്‍ അപ്പ് പദ്ധതിയിലൂടെ 5.43 കോടി രൂപയുമാണ് കെഎസ്ഐഡിസി അനുവദിച്ചിട്ടുള്ളത്. 134 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് സീഡ് ഫണ്ടിലൂടെ ഇതുവരെ തുക അനുവദിച്ചിട്ടുള്ളത്. 11 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയില്‍ അപ്പ് പദ്ധതിയിലൂടെയും കെഎസ്ഐഡിസി തുക അനുവദിച്ചിട്ടുണ്ട്. സംരംഭക മോഹങ്ങളുള്ള ആയിരക്കണക്കിന് യുവജനങ്ങളെ സ്വപ്ന സാഫല്യത്തിലേക്ക് എത്തിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് കെഎസ്ഐഡിസി ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.


ഏഴ് വര്‍ഷം: 134 സ്റ്റാര്‍ട്ടപ്പ്, അനുവദിച്ചത് 28.29 കോടി രൂപ


ഏഴുവര്‍ഷത്തിനിടെ 134 സ്റ്റാര്‍ട്ടപ്പിന് 28.29 കോടി രൂപയാണ് കെഎസ്‌ഐഡിസി സീഡ് ഫണ്ടിലൂടെ അനുവദിച്ചിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായതും വന്‍ തോതില്‍ വാണിജ്യവത്ക്കരിക്കാന്‍ സാധ്യതയുള്ളതുമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അവയുടെ പ്രാരംഭ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് പദ്ധതി. ആരോഗ്യമേഖല, കൃഷി, വെബ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, ഇ-കോമേഴ്‌സ്, എഞ്ചിനീയറിങ്, ആയുര്‍വേദം, ധനകാര്യ സ്ഥാപനങ്ങള്‍, സിനിമാ-പരസ്യമേഖല, വിദ്യാഭ്യാസം, എച്ച്ആര്‍, ബയോടെക്നോളജി, ഡിഫന്‍സ് ടെക്നോളജി തുടങ്ങിയവ ഉള്‍പ്പെടുന്ന നിരവധി ടെക്നിക്കല്‍ മേഖലകള്‍ക്കാണ് സഹായം. ഒരു പ്രൊജക്ട് ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പരമാവധി 25 ലക്ഷം രൂപ വരെ നല്‍കും. ഈ വായ്പ ഒരു വര്‍ഷത്തേക്കുള്ള സോഫ്റ്റ് ലോണായിട്ടാണ് അനുവദിക്കുന്നത്. മൂന്ന് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. റിസര്‍വ് ബാങ്ക് സമയാസമയങ്ങളില്‍ തീരുമാനിക്കുന്ന പോളിസി ബാങ്ക് റേറ്റ് അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.



സ്റ്റാര്‍ട്ടപ്പുകളുടെ വിപുലീകരണത്തിന് 5.43 കോടി അനുവദിച്ചു


സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് കെഎസ്‌ഐഡിസി ഇതുവരെ 5.43 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2021 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 11 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇതുവരെ തുക അനുവദിച്ചിട്ടുള്ളത്. സീഡ് സ്റ്റേജ് വിജയകരമായി പൂര്‍ത്തിയാക്കുകയും തങ്ങളുടെ നൂതന ഉല്‍പ്പന്നം/ സേവനം വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സംരംഭത്തിന്റെ വളര്‍ച്ച ഘട്ടത്തില്‍ അവയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന് 50 ലക്ഷം വരെ ഏഴ് ശതമാനം പലിശ നിരക്കില്‍ വായ്പയായി നല്‍കുന്നതാണ് 'സ്‌കെയില്‍ അപ്പ്'പദ്ധതി. പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കെഎസ്‌ഐഡിസി ലോണ്‍ നല്‍കുന്നത്.

കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന ലോണ്‍ തിരികെ അടയ്ക്കാന്‍ മൂന്ന് വര്‍ഷം വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. 30 തവണകളായി തിരികെ അടയ്ക്കാം. ആറ് മാസത്തെ മൊറട്ടോറിയം ഉണ്ടായിരിക്കും. സംരംഭം രജിസ്റ്റേര്‍ഡ് കമ്പനിയായിരിക്കണം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സീഡ് ഫണ്ട്, സ്‌കെയില്‍ അപ്പ് പദ്ധതികളിലൂടെ മുപ്പതോളം സംരംഭങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കാനാണ് കെഎസ്‌ഐഡിസി ഉദ്ദേശിക്കുന്നത്. പദ്ധതികളുടെ കൂടുതല്‍ വിവരങ്ങള്‍ കെഎസ്‌ഐഡിസിയുടെ www.ksidc.org ല്‍ ലഭിക്കും. ഫോണ്‍: 0484 2323010.

 
 
 

留言


SIGN UP AND STAY UPDATED!

Thanks for submitting!

  • 2405972
  • Youtube
  • Grey Facebook Icon
  • Instagram
  • 240597262_233396341931457_3173893122247114031_n

All rights reserved © KSIDC 2023. Copyright

bottom of page