top of page
  • Writer's pictureKSIDC Admin

വനിതാ സംരംഭകര്‍ക്ക് പുതുപ്രതീക്ഷയേകി വ്യവസായ വകുപ്പ്

Updated: Mar 23, 2023


 

വനിതാ ദിനത്തില്‍ കേരളത്തിലെ വനിതാ സംരംഭകര്‍ക്ക് പുതു ഉണര്‍വും പ്രോത്സാഹനവും നല്‍കുന്ന മൂന്ന് പ്രഖ്യാപനങ്ങളുമായി വ്യവസായവകുപ്പ്. കേരള സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും ഒപ്പം തന്നെയാണ് എന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് വനിതാ സംരംഭകര്‍ക്ക് വേണ്ടിയുള്ള പുതു പ്രഖ്യാപനങ്ങള്‍. ഇവ സംരംഭക മേഖലയുടെ പുരോഗതിയും സംരംഭക അഭിവൃദ്ധിയും ലക്ഷ്യമിടുന്നു. വനിതാ സംരംഭകര്‍ക്ക് കെഎസ്‌ഐഡിസി 'വി മിഷന്‍' വായ്പ വര്‍ധന, വനിതാ സഹകരണ സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം സബ്സിഡി, കോഴിക്കോട് ഇന്‍ക്യുബേഷന്‍ സെന്ററില്‍ വനിതാ സംരംഭകര്‍ക്ക് വാടകയിളവ് എന്നിവയാണ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കേരളത്തിലെ നിക്ഷേപ - സംരംഭക മേഖലയില്‍ കൂടുതല്‍ പേര്‍ കടന്നു വരുന്ന സാഹചര്യത്തില്‍ വാണിജ്യ വ്യവസായ വകുപ്പിന്റെ പ്രഖ്യാപനം കൂടുതല്‍ വനിതകളെ സംരംഭകരാക്കാന്‍ പ്രേരിപ്പിക്കും. മൂലധനം എന്ന കടമ്പ മറികടക്കാനും വനിതാ സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കാനും വകുപ്പിന്റെ പ്രഖ്യാപനങ്ങള്‍ക്കാകും.


ഇരട്ടിയാക്കി 'വി മിഷന്‍ വായ്പ'


കെഎസ്‌ഐഡിസി വി മിഷന്‍ വായ്പാ പദ്ധതി ഒറ്റയടിക്ക് ഇരട്ടിയാക്കിയത് വനിതാദിനത്തില്‍ കേരളത്തിലെ സംരംഭകര്‍ക്ക് ലഭിച്ച മധുരസമ്മാനമാണ്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വനിതാ സംരംഭക സംഗമത്തില്‍ ഉത്പാദന മേഖലയിലുള്ള വനിതാ സംരംഭകര്‍ക്ക് ഗുണകരമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഉത്പാദന മേഖലയിലുള്ള സ്ത്രീ സംരംഭകര്‍ക്ക് കെഎസ്ഐഡിസിയുടെ 'വി മിഷന്‍' വായ്പ 25 ലക്ഷമെന്നത് 50 ലക്ഷമായി ഉയര്‍ന്നു. അഞ്ച് ശതമാനമാണ് പലിശ. മൊറട്ടോറിയം ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തി. നിലവിലുള്ള സംരംഭങ്ങള്‍ക്ക് അവരുടെ ബിസിനസ് കൂടുതല്‍ വിപുലീകരിക്കുന്നതിനും നവീകരിക്കുന്നതിനുമാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഈ പദ്ധതിയുടെ പ്രയോജനം കൂടുതല്‍ ആളുകള്‍ക്ക് ലഭിക്കുന്നതിനും കൂടുതല്‍ സ്വീകാര്യമാക്കുന്നതിനുമാണ് വി മിഷന്‍ പദ്ധതി വിപുലീകരിച്ചത്. ബിസിനസ് വിപുലീകരണത്തിനും നവീകരണത്തിനും ബുദ്ധിമുട്ടുന്ന വനിതാ സംരംഭകര്‍ക്ക് ആശ്വാസമേകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി. ദേശസാത്കൃത, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് കെഎസ്ഐഡിസി നല്‍കുന്ന വായ്പ സുതാര്യമാണെന്നതിനാല്‍ ഇത് സംരംഭകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.






ഇന്‍കുബേഷന്‍ സെന്ററിലും ഇളവ്


സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്ഥലപരിമിതിയും ഉയര്‍ന്ന വാടകയും പ്രശ്നമാവുന്ന കാലഘട്ടത്തില്‍ വനിതാ സംരംഭകരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. കോഴിക്കോട്ടെ ഇന്‍കുബേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വനിതാ സംരംഭകര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 50 ശതമാനം വാടകയിളവും പ്രഖ്യാപിച്ചു. ഇതിലൂടെ സംരംഭകര്‍ക്ക് വാടകയിനത്തില്‍ തന്നെ വലിയൊരു തുക ചെലവിടാതിരിക്കാനാവും. കൂടാതെ സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള വാടക സംബന്ധിച്ച പ്രശ്നങ്ങളില്‍ നിന്നും വിടുതല്‍ നേടാനാവും. ഇത്തരത്തില്‍ വളരെ സ്ത്രീസൗഹൃദമായി സംസ്ഥാന സര്‍ക്കാരെടുക്കുന്ന നിലപാടുകളിലൂടെ ഇനിയും വളരെയധികം സ്ത്രീകള്‍ സംരംഭകത്വത്തിലേക്കെത്തുമെന്നത് ഉറപ്പാണ്.


സഹകരണ സംഘങ്ങള്‍ക്ക് സബ്സിഡി


വനിതാ സഹകരണ സംഘങ്ങള്‍ക്കും ശുഭപ്രതീക്ഷയേകുന്ന പ്രഖ്യാപനമാണ് വനിതാ ദിനത്തില്‍ ഉണ്ടായത്. വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനായി അഞ്ച് ലക്ഷം രൂപ നല്‍കും, ഇത് തിരിച്ചടയ്‌ക്കേണ്ടതല്ലാത്ത ഗ്രാന്റ് ആയിട്ടാണ് നല്‍കുക. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതം ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ ഈ ഗ്രാന്റ് ലഭിക്കും. ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനും പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും. സഹകരണ സംഘങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രഖ്യാപനം വളരെ ആശ്വാസം പകരുന്നതാണ്. പുതിയ നിക്ഷേപം ഇല്ലാതെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലായതും നിലച്ചതുമായ നിരവധി സംഘങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഈ ഗ്രാന്റ് സഹായകമാകും. കേരളത്തില്‍ കോവിഡ് കാലഘട്ടത്തില്‍ പ്രവര്‍ത്തനം നിലച്ചതും മന്ദീഭവിച്ചതുമായി നിരവധി സഹകരണ സംഘങ്ങള്‍ക്ക് ഈ ഗ്രാന്റ് പുനരുജ്ജീവനമേകും. ഇതു വഴി ചെറുകിട വ്യവസായ മേഖലയ്ക്ക് ആശ്വാസം ലഭിക്കും.


വ്യവസായ മേഖല കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടും വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ ഉരുത്തിരിയാനും വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നു എന്നത് സംരംഭകരുടെ ഭാവി സുരക്ഷിതമാക്കും. സ്വന്തം സംരംഭം സ്വപ്നം കാണുന്ന മലയാളി വനിതകള്‍ക്ക് സ്വയം പര്യാപ്തരാവാന്‍ അവസരമൊരുക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓരോ പ്രഖ്യാപനവും. മുന്നേറുക, കൂടുതല്‍ ഉയരത്തിലേക്ക്... സര്‍ക്കാര്‍ ഒപ്പമുണ്ട്...


 

എസ്. ഹരികിഷോര്‍ ഐഎഎസ്

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ &കെഎസ്‌ഐഡിസി എം.ഡി


(കെഎസ്എസ്‌ഐഎ ന്യൂസില്‍ മാര്‍ച്ച് ലക്കത്തില്‍ എഴുതിയത്)

16 views0 comments
bottom of page