top of page

നിക്ഷേപ സൗഹൃദ കേരളത്തിന് വികസനോന്മുഖ പദ്ധതികള്‍

  • Writer: KSIDC Admin
    KSIDC Admin
  • Feb 14, 2023
  • 3 min read

Updated: Mar 23, 2023



അത്യധികം വ്യവസായ സൗഹൃദമാണ് 2023- 24 സാമ്പത്തിക വര്‍ഷത്തെ കേരള ബജറ്റ്. കേരളത്തില്‍ നിലവിലുള്ള നിക്ഷേപ സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് നിരവധി പദ്ധതികളാണ് ബഹു. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ അവതരിപ്പിച്ചത്. വ്യവസായ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കൊത്തുയര്‍ന്ന ബജറ്റ് കൂടിയാണിത്. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി), കിന്‍ഫ്ര, കേരള റബര്‍ ലിമിറ്റഡ്, സിഎംഡി, റിയാബ്, ബിപിഇ തുടങ്ങി ഇടത്തരവും വലുതുമായ എല്ലാ വ്യവസായ മേഖലകളും പരിഗണിക്കപ്പെട്ടു. ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് മാത്രമായി 770.21 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതിനൊപ്പം തന്നെ പരമ്പരാഗത വ്യവസായ മേഖലയ്ക്കും പ്ലാന്റേഷന്‍ മേഖലയ്ക്കുമുള്‍പ്പെടെ സര്‍ക്കാരിന്റെ കരുതല്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കയര്‍, കൈത്തറി, കശുവണ്ടി മേഖലയില്‍ ആധുനീകരണവും വൈവിധ്യവല്‍ക്കരണവും ലക്ഷ്യം വെക്കുന്നതിനൊപ്പം പരമ്പരാഗത വ്യവസായങ്ങളെ മത്സരക്ഷമമാക്കാനും പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.


2023-24ല്‍ സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായ മേഖലയുടെ ആകെ ബജറ്റ് വിഹിതം 1259.66 കോടി രൂപയാണ്. ഇതില്‍ ഗ്രാമീണ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വിഹിതം 483.40 കോടി രൂപയാണ്. ചെറുകിട വ്യവസായത്തിന് 212.70 കോടി രൂപയും കയറിന് 117 കോടിയും കശുവണ്ടി വ്യവസായത്തിന് 58 കോടിയും കൈത്തറി, യന്ത്രത്തറി വ്യവസായത്തിന് 56.40കോടി രൂപയും ഖാദി-ഗ്രാമ വ്യവസായത്തിന് 16.10 കോടി രൂപയും കരകൗശല മേഖലയ്ക്ക് 4.20 കോടി രൂപയും വാണിജ്യത്തിന് ഏഴ്‌കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വ്യാവസായിക മേഖലയില്‍ ഉല്പന്ന നിര്‍മാണ മേഖലയിലാണ് നിര്‍ണായകമായ വളര്‍ച്ചാനിരക്ക് കൈവരിക്കാനായത് (18.9 ശതമാനം). 2022-23 വര്‍ഷത്തെ ആഭ്യന്തര ഉല്‍പാദനം 9.99 ലക്ഷം കോടിയാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ കണക്കുകള്‍ പ്രകാരം 10.18 ലക്ഷം കോടി രൂപയായി ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ചയോടൊപ്പം തന്നെ തനത് വരുമാനത്തിലും വര്‍ധനവുണ്ടായി. 2020-21ല്‍ 54,955.99 കോടി രൂപയായിരുന്ന തനത് വരുമാനം 2021-22-ല്‍ 68,803.03 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തികവര്‍ഷം അത് 85,000 കോടി രൂപയോളമായി ഉയരുമെന്നാണ് പ്രതീക്ഷ. വ്യവസായ വകുപ്പിന്റെ അഭിമാനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാവശ്യമായ സഹായവും ബജറ്റിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. 10000 കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളും കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി, ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഗ്ലോബല്‍ ഇന്റസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി, പുതുതായി പ്രഖ്യാപിച്ച വിഴിഞ്ഞം വ്യവസായ ഇടനാഴി, പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ എന്നീ ബൃഹത്ത് പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ വന്‍കിട നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉല്‍പാദന രംഗത്ത് ലോകത്തിലെ പ്രമുഖ ബ്രാന്റുകളുടെ ലക്ഷ്യസ്ഥാനമായി മാറുന്നതിനും 1000 കോടി രൂപയുടെ 'മേക്ക് ഇന്‍ കേരള' പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2022-23ല്‍ 'സംരംഭകവര്‍ഷം പദ്ധതി' മികച്ച രീതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം സംരംഭങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. സംസ്ഥാനത്ത് നിലവിലുള്ള തെരഞ്ഞെടുത്ത 1000 സംരംഭങ്ങളില്‍ നിന്ന് സംരംഭങ്ങള്‍ക്ക് 4 വര്‍ഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുന്ന രീതിയിലുള്ള ഒരു സ്‌കെയില്‍ അപ്പ് പാക്കേജ് പ്രഖ്യാപിച്ചതും നേട്ടമാണ്.



സംസ്ഥാനത്തെ വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനും നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിനും വിവിധ പദ്ധതികള്‍ക്കായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന് മാത്രം 122.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022 23) 103 കോടി രൂപയാണ് കെഎസ്ഐഡിസിക്ക് മാത്രം ബജറ്റില്‍ അനുവദിച്ചത്. ഈ തുകയിയില്‍ നിന്ന് 20 ശതമാനം വര്‍ധനവോടുകൂടി ഇത്തവണ 122.5 കോടി രൂപയ്ക്കാണ് അംഗീകാരം. കെഎസ്ഐഡിസിയുടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്ക് മാത്രമായി 31.75 കോടി രൂപയും കെഎസ്ഐഡിസി വ്യാവസായിക വളര്‍ച്ചാ കേന്ദ്രങ്ങളുടെ വികസനത്തിന് 11.25 കോടി രൂപയും പ്രത്യേകമായി അനുവദിച്ചത് കേരളത്തിന്റെ വ്യവസായിക വികസനത്തിന് കരുത്ത് പകരും. സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ പ്രധാന ഇടപെടലാണ് നിക്ഷേപ പ്രോത്സാഹനം. ഇതിനായി 10 കോടി രൂപ വകയിരുത്തി.


സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും വ്യവസായ വികസന നടപടിക്രമം ലഘൂകരിക്കുന്നതിനും ബജറ്റില്‍ ആറ് കോടി അനുവദിച്ചിട്ടുണ്ട്. ഉല്‍പാദനമേഖലയിലും മറ്റ് വളര്‍ന്നുവരുന്ന മേഖലകളിലുമുള്ള ദേശീയ/ അന്തര്‍ദേശീയ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിന് 2023 - 24 കാലഘട്ടത്തില്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് കെഎസ്ഐഡിസി ഊന്നല്‍ നല്‍കുന്നു. ലൈഫ് സയന്‍സ്/ ബയോടെക്നോളജി/നാനോടെക്നോളജി മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിന് തിരുവനന്തപുരം വെയിലൂര്‍ വില്ലേജില്‍ 260 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കിന് സംസ്ഥാന വിഹിതമായി 20 കോടി അനുവദിച്ചത് കൂടുതല്‍ ഉണര്‍വേകുന്നു.


സംസ്ഥാനത്തെ വനിതാ സംരംഭകര്‍ക്കും എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൂടുതല്‍ പ്രയോജനമാകുന്നതാണ് ബജറ്റ്. വനിതാ സംരംഭകര്‍ക്ക് ബിസിനസ് സംരംഭങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വ്യാപാരമുദ്ര, സര്‍ട്ടിഫിക്കേഷന്‍, അക്രഡിറ്റേഷന്‍ - ഐഎസ്ഒ, അഗ്മാര്‍ക്ക്, പേറ്റന്റ് പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവത്ക്കരണത്തിനുമായി രണ്ടര കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയില്‍ എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വയം പര്യാപ്തമാകാന്‍ രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി പ്രകാരം സാമ്പത്തിക സഹായം സ്വീകരിച്ച എംഎസ്എംഇ/സ്റ്റാര്‍ട്ടപ്പുകള്‍/മൈക്രോ എന്റര്‍പ്രൈസസ്/ വിദേശ മലയാളികള്‍ എന്നിവര്‍ക്ക് മൂന്ന് ശതമാനം പലിശ സസ്ബസിഡി നല്‍കാനും നിര്‍ദേശമുണ്ട്. കോവിഡിന്റെ പ്രതിബന്ധങ്ങളെ മറികടക്കാന്‍ അവതരിപ്പിച്ച കോവിഡ്19 സമാശ്വാസ പദ്ധതി പ്രകാരം വ്യാവസായിക വളര്‍ച്ചാ കേന്ദ്രങ്ങളിലെ വ്യവസായിക യൂണിറ്റുകള്‍ക്ക് ബജറ്റില്‍ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചത് കൂടുതല്‍ ആശ്വാസം പകരുന്നു.


സുസ്ഥിരതയ്ക്കും ഉത്തരവാദിത്തമുള്ള വ്യവസായവത്ക്കരണത്തിനുള്ള പ്രോത്സാഹനത്തിനും 28 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 'സുസ്ഥിര വ്യവസായ പ്രോത്സാഹന പദ്ധതി' എന്ന പേരില്‍ അവതരിപ്പിച്ച പുതിയ പദ്ധതിയില്‍ സ്ഥിരമൂലധന നിക്ഷേപ സബ്സിഡി, എസ്ജിഎസ്ടി റീ ഇംബേഴ്സ്മെന്റ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി ഇളവ്, അപ്രന്റീസ്ഷിപ്പ് ഇന്‍സെന്റീവ്, ഐപിഒ വഴി ധനകാര്യ പ്രവേശനത്തിനുള്ള പ്രോത്സാഹനം, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ചാര്‍ജുകള്‍ എന്നിവ ഒഴിവാക്കല്‍, സ്ഥിരമൂലധനം സൃഷ്ടിക്കുന്നതിന് എടുത്ത ടേം ലോണുകളുടെ പലിശ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ലാന്‍ഡ് കണ്‍വേര്‍ഷന്‍ ചാര്‍ജുകളില്‍ കുറവ്, കയറ്റുമതിക്കാര്‍ക്കുള്ള വിപണി വികസന പ്രോത്സാഹനം, ഐപിആര്‍ സൃഷ്ടിക്കുന്നതിനുള്ള പ്രോത്സാഹനം, ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ഇന്‍സെന്റീവ്, നിര്‍മാണ പ്രക്രിയയില്‍ വ്യവസായം 4.0 സംരംഭങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രോത്സാഹനം തുടങ്ങി വിപുലമായ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് 28 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ കരട് വ്യവസായ നയത്തില്‍ പ്രഖ്യാപിച്ച പുതിയ ഇന്‍സെന്റീവുകള്‍ പുതിയ നിക്ഷേപകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.


ഭാവികേരളത്തില്‍ വ്യവസായ വകുപ്പിന്റെ പങ്ക് എത്രമാത്രം വലുതാണെന്ന യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്നതാണ് ഇത്തവണത്തെ ബജറ്റ്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദവും സ്ഥായിയുമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ച് നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാന്‍ കൃത്യമായ ആസൂത്രണത്തിന്റെ പിന്‍ബലത്തോടെ പുതിയ പദ്ധതികളും അവയ്ക്ക് വകയിരുത്തലുകളും ബജറ്റില്‍ പ്രഖ്യാപിച്ചത് വലിയൊരു നേട്ടമാണ്. കേരളത്തിന്റെ വ്യാവസായിക- സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കി ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നിക്ഷേപ സൗഹൃദ കേരളം എന്ന ലക്ഷ്യത്തിന് കൂടുതല്‍ കരുത്ത് പകരും.


എസ്. ഹരികിഷോര്‍ ഐഎഎസ്

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ &കെഎസ്‌ഐഡിസി എം.ഡി


(കെഎസ്എസ്‌ഐഎ ന്യൂസില്‍ ഫെബ്രുവരി ലക്കത്തില്‍ എഴുതിയത്)


Comments


SIGN UP AND STAY UPDATED!

Thanks for submitting!

  • 2405972
  • Youtube
  • Grey Facebook Icon
  • Instagram
  • 240597262_233396341931457_3173893122247114031_n

All rights reserved © KSIDC 2023. Copyright

bottom of page