top of page
  • Writer's pictureKSIDC Admin

വ്യവസായ കുതിപ്പിന് ഊര്‍ജമേകി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി 2022

Updated: Mar 22, 2023


സംസ്ഥാനത്തിന്റെ വ്യവസായ വികസന വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുകയാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി 2022.

സംസ്ഥാനത്ത് കൂടുതൽ വ്യവസായ ആവശ്യത്തിന് കൂടുതല്‍ ഭൂമി ലഭ്യത ഉറപ്പാക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതിവഴി സ്വകാര്യ വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും 10 ഏക്കറോ അതിനു മുകളിലോ സ്ഥലം കൈവശമുള്ളവര്‍ക്ക് സ്ഥാപിക്കാം. അഞ്ച് ഏക്കറും അതിനുമുകളിലോ ഭൂമി കൈവശമുള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ക്ക് (എസ്ഡിഎഫ്) അനുമതി ലഭിക്കും.15 ഏക്കറിന് മുകളിലുള്ള പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക്1963 ലെ കേരള ലാന്‍ഡ് റവന്യൂ ആക്ട് പ്രകാരമുള്ള നടപടിക്രമം അനുസരിച്ചാണ് അംഗീകാരം. പദ്ധതി പ്രകാരം വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും പാര്‍ട്നര്‍ഷിപ്പ് കൂട്ടായ്മകള്‍ക്കും സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാം.

എസ്റ്റേറ്റിനുള്ള ഭൂമി സിആര്‍ഇസെഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും പരിസ്ഥിതിലോല മേഖലയില്‍ വരരുത്. 2008 ലെ കേരള നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നും ഉറപ്പാക്കണം. ഭൂമിയുമായി ബന്ധപ്പെട്ട് മറ്റ് തര്‍ക്കങ്ങളും ഉണ്ടാകരുത്. പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡെവലപര്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ വികസനമൊന്നും നടന്നിട്ടില്ലെങ്കില്‍ സര്‍ക്കാരിന് പെര്‍മിറ്റ് റദ്ദാക്കാം. സ്വകാര്യ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിജ്ഞാപനം ചെയ്ത റെഡ് കാറ്റഗറി വ്യവസായങ്ങള്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകളില്‍ അനുവദിക്കില്ല.


എത്ര ധനസഹായം ലഭിക്കും


അടിസ്ഥാന സൗകര്യ വികസനത്തിന് ഏക്കര്‍ ഒന്നിന് പരമാവധി 30 ലക്ഷം രൂപ എന്ന നിരക്കില്‍ പരമാവധി മൂന്ന് കോടി രൂപ വരെ ധനസഹായം ലഭിക്കും. ചെലവാകുന്ന തുക കണക്കാക്കി ധനസഹായം ലഭ്യമാക്കും. വൈദ്യുതി, വെള്ളം, ഗതാഗതസൗകര്യം, ഡ്രെയിനേജ്, മറ്റ് പൊതുസൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനം എന്നിവ ഒരുക്കുന്നതിന് ചെലവാകുന്ന തുക കണക്കാക്കിയായിരിക്കും ധനസഹായം നല്‍കുന്നത്.


എങ്ങനെ അപേക്ഷിക്കാം


അപേക്ഷകര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ (പ്രൈവറ്റ് ഇന്‍സ്ട്രിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ് പെര്‍മിറ്റ്) ഫോം നമ്പര്‍ 1 പൂരിപ്പിക്കണം. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ വ്യവസായം, ധനകാര്യം, റവന്യൂ , തദ്ദേശ സ്വയംഭരണം, ജലവിഭവം, വൈദ്യുതി, പരിസ്ഥിതി വകുപ്പ് എന്നിവ ഉള്‍പ്പെടുന്ന സമിതിക്ക് അയക്കും. 30 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്ക് അനുമതി നല്‍കും. കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം വിവിധ നിയമങ്ങള്‍ക്ക് കീഴിലുള്ള പ്രസക്തമായ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി വ്യവസായ വകുപ്പ്, സ്ഥാപനത്തിന് ഫോം 2ല്‍ സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡെവലപര്‍ പെര്‍മിറ്റ് നല്‍കും.


അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍


1. ബോര്‍ഡ് റെസല്യൂഷന്‍

2. കമ്പനി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്

3. മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍

4. സ്ഥാപനത്തിന്റെ പാന്‍


ലാന്‍ഡ് രേഖകള്‍


ഉടമസ്ഥവകാശവും മുന്നാധാരവും

എന്‍ക്യൂബറന്‍സ് സര്‍ട്ടിഫിക്കറ്റ്

പുതിയ ലാന്‍ഡ് ടാക്സ് രസീത്

സർവേ പ്രകാരമുള്ള, ഭൂമിയുടെ സൈറ്റ് പ്ലാൻ.

ലോക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്


പദ്ധതി വ്യവസ്ഥകള്‍


1. വ്യവസായങ്ങള്‍ക്ക് ഉപയോഗപ്രദമായ ഭൂമിയായിരിക്കണം.


2. പരിസ്ഥിതിലോല പ്രദേശങ്ങളോ തീരദേശ മേഖലയോ പാടില്ല.


3. ഉപയോഗത്തിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളുള്ള സ്ഥലമാകരുത്.


ഡെവലപറുടെ ചുമതലകള്‍


1. വൈദ്യുതി, വഴിവിളക്കുകള്‍, റോഡുകള്‍, ജലസേചനം, പ്ലാന്റുകളിലെ മാലിന്യനിര്‍മാര്‍ജനം, വാര്‍ത്താവിനിമയ സൗകര്യം എന്നിവ ഉറപ്പാക്കണം.


2. സമയബന്ധിതമായി സേവനങ്ങളും അറ്റകുറ്റപ്പണികളും ചെയ്യണം. (സേവനങ്ങള്‍ക്കായുള്ള തുക അനുവദിക്കുന്നതാണ്)


3. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണം. (റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ അനുവദിക്കില്ല).


4.അനുവദനീയമായ അളവില്‍ കൂടുതല്‍ ഭൂഗര്‍ഭജലം എടുക്കരുത്.


5. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. മാലിന്യം എസ്റ്റേറ്റിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം.


6. വാണിജ്യ മാനദണ്ഡങ്ങള്‍ പ്രകാരം വ്യവസായത്തിനായുള്ള ഭൂമിയും അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തണം. ഭൂമി അനുവദിക്കുന്നത് ഡെവലപറുടെ വിവേചനാധികാരമായിരിക്കും.


7. ഒരു യൂണിറ്റിന് സ്ഥലം അനുവദിക്കുന്ന സമയത്ത് വാണിജ്യ നിബന്ധനകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണം.


8. അലോട്ട്മെന്റിന് ശേഷം അലോട്ട്മെന്റ് ലഭിച്ചവരുടെ പോരായ്മകള്‍ക്കനുസരിച്ച് നിബന്ധനകള്‍ വ്യത്യാസപ്പെടരുത്.


9. ഡെവലപറുടെ നിയമാവലി സര്‍ക്കാര്‍ അനുമതിയോടെ മാറ്റം വരുത്താം. പുതിയ വ്യവസായം തുടങ്ങുന്നതിന് മതിയായ സാമ്പത്തിക ശേഷിയുണ്ടെന്ന് ബോധ്യമായതിനു ശേഷം മാത്രമേ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ.


അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍


1. നിര്‍മാണ സേവന മേഖലയിലുള്ള വ്യവസായിക യൂണിറ്റുകള്‍ സ്ഥാപിക്കാം. കൂടാതെ വെയര്‍ഹൗസുകൾ, ലോജിസ്റ്റിക്കല്‍ സേവനങ്ങൾ, വാഹന സർവീസിങ്ങും അവയുടെ നവീകരണ സേവന കേന്ദ്രങ്ങളും എന്നിവയും അനുവദനീയമാണ്.


അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍


*വാഹന ഷോറൂമുകള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍, മാളുകള്‍, ഔട്ട്ലെറ്റുകള്‍,റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവ സ്ഥാപിക്കാനാവില്ല.


എസ്. ഹരികിഷോര്‍ ഐഎഎസ്

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ &കെഎസ്‌ഐഡിസി എം.ഡി


(കെഎസ്എസ്‌ഐഎ ന്യൂസില്‍ ജനുവരി ലക്കത്തില്‍ എഴുതിയത്)

1 view0 comments
bottom of page